ചിതയിലെരിയാത്ത വാക്കുകള്‍: വരുണ്‍ രമേഷ്

ഇങ്ങനെപോയാല്‍ പാര്‍ട്ടിയുണ്ടാകും പിന്നില്‍ ജനങ്ങളുണ്ടാവില്ല എന്ന് പറഞ്ഞത് എം.എന്‍ .വിജയനാണ്. പ്രീയപ്പെട്ടവരുടെ വിജയന്‍മാഷ്. ഒരു പക്ഷേ രാഷ്ട്രീയ കേരളം എംഎന്‍ വിജയനെ പറ്റിയോര്‍ക്കുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടതും ഇനിയും ചര്‍ച്ചചെയ്യപ്പെട്ടേക്കാവുന്നതുമായ ഒരു പ്രസ്താവനയായിരുന്നു അത്. ധീരമായ ഒരു പ്രഖ്യാപനം,  ഓര്‍മ്മപ്പെടുത്തല്‍, പാര്‍ട്ടിക്കെതിരെയുള്ള ആക്രമണം, തികഞ്ഞ ഒരു അരാജകവാദിയുടെ ജല്‍പ്പനങ്ങള്‍… ആ  ചര്‍ച്ചകളില്‍  ഉയര്‍ന്നുകേട്ട ചില പരാമര്‍ശങ്ങളായിരുന്നു അത്. എതിര്‍ത്തവര്‍ ലേഖന പരമ്പരകള്‍ തീര്‍ത്ത് വിജയന്‍മാഷിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു.ദേശാഭിമാനിയിലെ ലേഖനപരമ്പരകള്‍ അവസാനിച്ചപ്പോള്‍ വിജന്‍മാഷ് ചെറുപുഞ്ചിരിയോടെ പറഞ്ഞു. ” കുട്ടികള്‍പോലും എന്നെ നിരാശപ്പെടുത്തിക്കളഞ്ഞു. ”

എന്നാല്‍ കാലത്തിന്‍റെ കണക്കുപുസ്തകം വിജയന്‍മാഷിന്‍റെ വാക്കുകള്‍ ഇത്രയുംവേഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരും കരുതിക്കാണില്ല.  ഇടതുപക്ഷത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയ റിവിഷണലിസവും വിഭാഗീയതയും പാര്‍ട്ടിയുടെ അടിവേരുകള്‍ പോലും അറുത്തുമാറ്റുന്ന കാഴ്ച്ചകളാണ് ഇന്നും കണ്ടുകൊണ്ടിരിക്കുന്നത്. ലോകത്തെവിടെയും റിവിഷണലിസത്തില്‍ പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ തിരിച്ചുകയറാന്‍ വലതുപക്ഷം അനുവദിച്ചിട്ടില്ലെന്ന തിരിച്ചറിവില്‍ ചിലര്‍ പാര്‍ട്ടിക്ക് പുറത്തുപോയി. തങ്ങള്‍ സ്വപ്നം കണ്ട ചെങ്കൊടി തണല്‍  നഷ്ടമാകുന്നു എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഇങ്ങനെയൊരു ചുവടുമാറ്റം. ഇന്നലെവരെ സിപിഐഎമ്മിനൊപ്പം നിന്നവരില്‍ ഒരുവലിയ വിഭാഗം നിര്‍ജീവമായി. ചരിത്രനിയോഗം പോലെ ബംഗാളിലെ പാര്‍ട്ടി അതിന്‍റെ ഏറ്റവും വലീയ വേലിയിറക്കത്തിനുള്ള പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. കേരളത്തില്‍ ഇടതുകോട്ടകളില്‍ പോലും വിള്ളലുണ്ടാക്കികൊണ്ട് വലതുരാഷ്ടീയം പിടിമുറുക്കി തുടങ്ങുന്നു.

കഴിഞ്ഞലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വെറും നാല് സീറ്റിലേക്ക് ഒതുങ്ങപ്പോയപ്പോള്‍ എസ്എംഎസ്സുകളായി ലോകം മുഴുവന്‍ പറന്ന് നടന്നത് എംഎന്‍ വിജയന്‍റെ  ആ വാക്കുകളായിരുന്നു.” ഇങ്ങനെപോയാല്‍ പാര്‍ട്ടിയുണ്ടാകും പിന്നില്‍ ജനങ്ങളുണ്ടാകില്ല.” അപ്പോഴും പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ മനസ്സില്‍ എംഎന്‍ വിജയന്‍ പാര്‍ട്ടിയുടെ ശത്രുപക്ഷത്തായിരുന്നു.  പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് ഇടതു രാഷ്ട്രീയം ഒലിച്ചുപോകുന്നതാണ് പിന്നീട് കണ്ടത്. നേതാക്കന്‍മാരില്‍ ചിലര്‍ വലതുപാളയത്തിലേക്ക് ചേക്കേറി നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി എന്ന് അഭിമാനപൂരിതം പറയുന്നതും.

ഈ അവസ്ഥയില്‍ നിന്ന്കൊണ്ടുവേണം എംഎന്‍ വിജയന്‍റെ ദീര്‍ഘവീക്ഷണങ്ങളോടുകൂടിയ വാക്കുകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടത്. എന്നാല്‍ അപ്പോഴും പാര്‍ട്ടിയെന്നും പാര്‍ട്ടി വിരുദ്ധരെന്നുമുള്ള രണ്ട് കള്ളികളിലൊതുക്കാനായിരുന്ന ചിലര്‍ ശ്രമിച്ചത്. ഈ രണ്ട് കള്ളികള്‍ക്കപ്പുറത്ത് ചെങ്കൊടി തണല്‍ സ്വപ്നം കണ്ട് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചവരാണ് പാര്‍ട്ടിയുടെ അത്മാവെന്ന് തിരിച്ചറിയാന്‍ നേതൃത്വം  മറന്നുപോയിരുന്നു. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് അവര്‍ നീങ്ങി. ഒടുക്കം ഒരു തെറ്റുതിരുത്തല്‍ രേഖയ്ക്കും തിരുത്താനാവാത്തത്ര തെറ്റുകളില്‍ പൂണ്ടമരുകയും ചെയ്തു.

You may also like...