ചിതയിലും ചിന്തയുടെ വെളിച്ചം: സുകുമാര്‍ അഴീക്കോട്.
സമൂഹത്തില്‍ ചിന്താശീലര്‍ കുറഞ്ഞു. സ്വതന്ത്ര ചിന്താശീലമുളളവര്‍ നന്നേ കുറഞ്ഞു. സ്വതന്ത്രചിന്ത ഭയംകൂടാതെ തുറന്ന് അവതരിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു എം.എന്‍ വിജയനെ വിഭിന്നനാക്കിയത്. ആശയങ്ങളെ എതിര്‍പ്പുകളിലൂടെയും അനുകൂലിച്ചും തര്‍ക്കവിതര്‍ക്കങ്ങള്‍ ഉയര്‍ത്തി നവലോകസൃഷ്ടിക്ക് ശ്രമിക്കാനും ചിന്തയുടെ കാതല്‍ പുറത്തെടുക്കാനുമായിരുന്നു എം.എന്‍.വിജയന് ശ്രദ്ധിച്ചത്. ചില രാഷ്ട്രീയ ബന്ധങ്ങള്‍ രൂപംകൊളളുമ്പോള്‍ പല പഴയ ബന്ധങ്ങളെയും അതു തകര്‍ത്തു കളയുന്നത് സ്വാഭാവികം മാത്രമാണ്. അതാണ് വിജയന്റെ അവസാന കാലത്തും സംഭവിച്ചത്. ചങ്ങമ്പുഴയ്ക്കും പൊന്‍കുന്നം വര്‍ക്കിക്കും ശേഷം പുരോഗമന കലാസാഹിത്യ പ്രസ്ഥാനം എന്നത് പുതിയൊരു ലോകത്തിന്റെ സിദ്ധാന്തമായിക്കണ്ടയാള് വിജയനായിരുന്നു. ആ കാഴ്ചപ്പാട് വിജയനുശേഷം ആ പ്രസ്ഥാനത്തിനു തന്നെ നഷ്ടപ്പെടുന്നതായാണ് പിന്നീട് കാണാനാവുന്നത്. വിജയന് എഴുതിയ ‘ചിതയിലെ വെളിച്ചം’ യഥാര്‍ത്ഥത്തില്‍ ചിന്തയുടെ വെളിച്ചമാണ്. വിജയന് ചിതയിലേക്ക് കടന്നു പോകുമ്പോഴും അത് ചിന്തയുടെ വെളിച്ചമായി സമൂഹത്തില്‍ നിലകൊള്ളും. ഒറ്റയ്ക്കുനില്ക്കുന്നവര് ഒരിക്കലും ഒറ്റയ്ക്കാവില്ലെന്ന് വിജയന് തന്റെ ചിന്തകളിലൂടെ തെളിയിച്ചു. ഒരുപാടാളുകളുടെ നടുവില്‍ കഴിയുന്നവരായാലും ഒറ്റപ്പെടുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അഭിപ്രായങ്ങളെക്കാള്‍ അദ്ദേഹം സ്വാതന്ത്യ്രത്തെയാണ് വിലവച്ചത്. അതു കൊണ്ടാണ് അഭിപ്രായങ്ങളില്‍ നിന്ന് അദ്ദേഹത്തിന് പലപ്പോഴും പിന്മാറേണ്ടി വന്നത്. എന്നാല്‍ ഒരിക്കലും അദ്ദേഹം സ്വാതന്ത്യ്രത്തില്‍ നിന്ന് പിന്തിരിഞ്ഞിട്ടില്ല. ഞങ്ങള്‍ വളരെ പഴയ പരിചയക്കാരും സുഹൃത്തുക്കളുമായിരുന്നു. ഞാന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ മലയാളം എം.എ യ്ക്ക് പഠിക്കുന്ന കാലത്ത് അദ്ദേഹം ജൈന്‍ കോളേജില്‍ പഠിപ്പിക്കുകയായിരുന്നു. അന്ന് പച്ചയ്യപ്പാസില്‍ ഞങ്ങള്‍ ഇരുവരും എം.പി.ശങ്കുണ്ണി നായരുമായി നിരന്തരം സൌഹൃദം പങ്കുവെച്ചു. ഞങ്ങള്‍ തമ്മില്‍ പ്രകടമായ അഭിപ്രായവ്യത്യാസം ഉയരുന്നത് സാഹിത്യത്തിലും കവിതയിലുമാണ്. എന്റെ രചനയില്‍ ജി.ശങ്കരക്കുറുപ്പ് അതിനിശിതമായി വിമര്ശിക്കപ്പെട്ടപ്പോള് വിജയന് അതിനെതിരായി നിലകൊണ്ടു. അത് യാദൃച്ഛികമായിരുന്നു. ഞങ്ങളെ രണ്ടുപക്ഷത്ത് അന്ന് നിറുത്തിയത് കാഴ്ചപ്പാടുകളിലെ വ്യത്യാസമായിരുന്നു. പിന്നീട് ഞങ്ങള്‍ പല കാര്യങ്ങളിലും ഒരേ അഭിപ്രായക്കാരായി. ചിന്തിക്കുന്ന രണ്ടു പേര് നൂറുശതമാനം യോജിക്കാറില്ല. ആ വിയോജിപ്പ് മാത്രമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ രണ്ടു പേരുടെയും ആയുധങ്ങള്‍ ചിന്തയും പ്രഭാഷണവുമായിരുന്നു. ഇനി, വിജയനില്ല. ആ വിയോഗം എന്നെ വേദനിപ്പിക്കുന്നു.