‘കരുണ’ പകര്‍ന്ന വെളിച്ചം: കെ ടി ശശി

ഋഷിതുല്യമായ മനീഷയും ഉറവവറ്റാത്ത സ്‌നേഹവായ്പുമായി തലമുറകളെ സ്വാധീനിച്ച എംഎന്‍ വിജയന്റെ കരുത്തും കര്‍മപഥവുമായിരുന്നു കണ്ണൂര്‍. ഒരിക്കലും പറിച്ചുനടാനാകാത്തവിധം ആഴ്ന്നിറങ്ങിയ ബന്ധമായിരുന്നു അദ്ദേഹത്തിന് കണ്ണൂരുമായി, വിശേഷിച്ച് തലശേരിക്കടുത്ത ധര്‍മടം ഗ്രാമവുമായി.1960ല്‍ ഗവ. ബ്രണ്ണന്‍ കോളേജില്‍ മലയാളാധ്യാപകനായെത്തിയ എം എന്‍ വിജയന്‍ ധര്‍മപട്ടണത്തെ സ്വന്തം ഗ്രാമമായി വരിക്കുകയായിരുന്നു. മീത്തലെപ്പീടിക കുറുമ്പക്കാവ് ചെമ്മണ്‍പാതക്കപ്പുറത്ത് വിളക്കുമാടം പോലെ ഉയര്‍ന്നു നിന്നിരുന്ന ‘കരുണ’ ഉത്തരകേരളത്തിലെ പുരോഗമന- സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക്െ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയാണ്. ഈ വാടക വീടിന്റെ കോലായിലിരുന്നാണ് വിജയന്‍ മാഷ് ആര്‍ദ്രത വറ്റിയ പരിസരങ്ങളില്‍ നിന്നെത്തുന്നവര്‍ക്കെല്ലാം ആവോളം സ്‌നേഹം പകര്‍ന്നത്; മനസ്സുഖം നഷ്ടപ്പെട്ട് ജീവിത നൈരാശ്യവുമായെത്തുന്നവര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചമേകിയത്; കാരുണ്യം തേടിയെത്തിയവര്‍ക്ക് ചേക്കേറാന്‍ ചില്ലയൊരുക്കിയത്.1960 മുതല്‍ ’85ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ 25 വര്‍ഷവും പ്രമോഷന്‍ വേണ്ടെന്ന് വെച്ച് ബ്രണ്ണന്‍ കോളേജില്‍ തുടരുകയായിരുന്നു വിജയന്‍ മാഷ്. ആദ്യം ഇരുപത് വര്‍ഷം ധര്‍മടം സത്രത്തിനടുത്ത് മറ്റൊരു വാടക വീട്ടിലായിരുന്നു. പിന്നീട് 1999 ജൂലൈയില്‍ ജന്മനാടായ കൊടുങ്ങല്ലൂര്‍ ലോകമലേശ്വരത്തേക്ക് മടങ്ങും വരെ 19 വര്‍ഷം കരുണയില്‍. ഈ വീടുമായുള്ള അവാച്യമായ ആത്മബന്ധം കൊണ്ടാകണം മാഷ് കൊടുങ്ങല്ലൂരിലെ വീടിനും ‘കരുണ’യെന്ന് പേരിട്ടത്.ബ്രണ്ണനിലെത്തി ഏറെ കഴിയുന്നതിനു മുമ്പു തന്നെ സാമൂഹ്യ- സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായി. ബ്രണ്ണന്‍ കോളേജില്‍ തന്നെ സംസ്‌കൃതം അധ്യാപകനായിരുന്ന എം എസ്് മേനോന്‍, എന്‍ വി കൃഷ്ണവാരിയര്‍, എം ആര്‍ ചന്ദ്രശേഖരന്‍, എന്‍ എന്‍ കക്കാട് എന്നിവരുമായി ചേര്‍ന്ന് സാഹിത്യ സമിതി തലശരിയില്‍ സജീവമാക്കുന്നതില്‍ മുന്‍നിന്നു പ്രവര്‍ത്തിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന എഴുത്തുകാരാണ് അക്കാലത്ത് സാഹിത്യ സമിതിയില്‍ ഒത്തുചേര്‍ന്നത്. പിന്നീട് പ്രൊഫ. തോന്നക്കല്‍ വാസുദേവനൊപ്പം ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ മേഖലയില്‍ വേരോട്ടമുണ്ടാക്കുന്നതിനും പ്രധാന പങ്കുവഹിച്ചു.1985ല്‍ വിരമിച്ച ശേഷമാണ് പുരോഗമന സാംസ്‌കാരിക പ്രസ്ഥാനത്തില്‍ കേന്ദ്രീകരിച്ചത്. നാലുപതിറ്റാണ്ടുകാലം തലശേരിയെയും അതുവഴി കണ്ണൂരിനെയും ധന്യമാക്കി ആയിരമായിരം മനസുകള്‍ സ്വന്തമാക്കിയ വിജയന്‍മാഷ് ഇനി ധന്യസ്മരണ.

You may also like...