എം എന്‍ വിജയന്‍ അന്തരിച്ചു

തൃശൂര്‍: പ്രമുഖ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫ. എം എന്‍ വിജയന്‍ അന്തരിച്ചു. തൃശൂര്‍ പ്രസ് ക്ളബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 77 വയസ്സായിരുന്നു. സംസ്കാരം പൊലീസ് ബഹുമതിയോടെ വ്യാഴാഴ്ച്ച രാവിലെ പതിനൊന്നരയ്ക്ക് കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം എട്ട് മിനിട്ടോളം സംസാരിച്ചു. ഇതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് അല്‍പ്പനേരം നിശ്ശബ്ദനായി. എയര്‍ കണ്ടീഷന്‍ ഓഫ് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അല്‍പം വെള്ളം കുടിച്ച ശേഷം വീണ്ടും സംസാരിക്കാന്‍ തുടങ്ങി. ഒരു മിനിട്ട് സംസാരിച്ചതും കണ്ണുകള്‍ മേല്‍പ്പോട്ട് ഉയര്‍ത്തി കസേരയിലേക്ക് ചരിഞ്ഞുവീഴുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്ക് മരണം സ്ഥിരീകരിച്ചു. ശാരദയാണ് ഭാര്യ. പ്രശസ്ത ചെറുകഥാകൃത്തും കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസസ് ഡയറക്ടറുമായ വി എസ് അനില്‍കുമാര്‍, കേരള കാര്‍ഷിക സര്‍വകലാശാലയില്‍ റിസര്‍ച്ച് ഓഫീസറായ വി എസ് സുജാത, കൊച്ചിയില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥയായ വി എസ് സുനിത എന്നിവരാണ് മക്കള്‍. മരുമക്കള്‍: ഡോ. പി വി ബാലചന്ദ്രന്‍ (കാര്‍ഷിക സര്‍വകലാശാല), രാജഗോപാല്‍ (ബിസിനസ്, കൊച്ചി), രത്നമ്മ (അധ്യാപിക, സര്‍ സയ്യിദ് കോളേജ്, തളിപ്പറമ്പ്).

കൊടുങ്ങല്ലൂരിനടുത്ത് ലോകമലേശ്വരത്ത് 1930 ജൂണ്‍ എട്ടിനാണ് വിജയന്‍മാസ്റ്റര്‍ ജനിച്ചത്. 1952 ല്‍ മദിരാശി ന്യൂകോളേജില്‍ അദ്ധ്യാപക ജീവിതം ആരംഭിച്ചു. ഏഴുവര്‍ഷത്തിനുശേഷമാണ് നാട്ടില്‍ മടങ്ങിയെത്തിയത്. 1959ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മലയാളം അദ്ധ്യാപകന്‍. 1960 ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് മാറി. 1985 ല്‍ സര്‍വീസില്‍നിന്നും വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു. ’90കളുടെ ഒടുവില്‍ താമസം തലശ്ശേരിയില്‍നിന്നും ജന്മനാടായ കൊടുങ്ങല്ലൂരിലെ ‘കരുണ’യിലേക്കുമാറി. ഒട്ടേറെ കൃതികളുടെ കര്‍ത്താവായ അദ്ദേഹം ദീര്‍ഘകാലം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്നു. പ്രഭാഷകനെന്ന നിലയില്‍ നാടിന്റെയാകെ ആദരവ് പിടിച്ചുപറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു. വിവരമറിഞ്ഞ് മകള്‍ സുജാത, മേയര്‍ ആര്‍ ബിന്ദു, സി കെ ചന്ദ്രപ്പന്‍ എംപി എന്നിവര്‍ ആശുപത്രിയിലെത്തി. മൃതദേഹം രണ്ടരയോടെ തൃശൂര്‍ പ്രസ് ക്ളബിന് മുന്നില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ കൊണ്ടുവന്നു. തുടര്‍ന്ന് സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. സുകുമാര്‍ അഴീക്കോട്, സാറാജോസഫ്, വൈശാഖന്‍ തുടങ്ങി സാഹിത്യ സാംസ്കാരിക രാഷ്ട്രീയരംഗത്തെ ഒട്ടേറെ പ്രമുഖര്‍ അവിടെയെത്തിയിരുന്നു. പിന്നീട് മൃതദേഹം കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോയി. അവിടെ, പൊലീസ് മൈതാനിയില്‍ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കാത്തുനിന്നത്. പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ചു.മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മന്ത്രി എം എ ബേബി എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ദേശാഭിമാനി, ദേശാഭിമാനി വാരിക എന്നിവയ്ക്കുവേണ്ടിയും പുഷ്പചക്രം അര്‍പിച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി രാജീവ്, കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍, തൃശൂര്‍ മാനേജര്‍ യു പി ജോസഫ്, ന്യൂസ് എഡിറ്റര്‍ യു സി ബാലകൃഷ്ണന്‍ എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു.

ശാസ്ത്രസാഹിത്യ പരിഷത്തിനെ വിമര്‍ശിച്ച് പാഠം മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെയുണ്ടായ മാനനഷ്ടക്കേസിലെ വിധിയെക്കുറിച്ച് വിശദീകരിക്കാനാണ് ‘പാഠം’ പത്രാധിപര്‍ കൂടിയായ വിജയന്‍ മാസ്റ്റര്‍ പ്രസ് ക്ളബിലെത്തിയത്. ലേഖനമെഴുതിയ പ്രൊഫ. എസ് സുധീഷും ഒപ്പമുണ്ടായിരുന്നു.പുരോഗമന സാഹിത്യത്തിലെ സര്‍ഗസാന്നിധ്യംപുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ സര്‍ഗസാന്നിധ്യമായിട്ടാണ് വിജയന്‍മാഷുടെ സാംസ്കാരിക ഇടപെടലുകളും ചിന്താലോകവും സജീവമായി നിലനില്‍ക്കുന്നത്. പുരോഗമന കലാ-സാഹിത്യ സംഘത്തിനെതിരെ അതിന്റെ വിമര്‍ശകര്‍ കടുത്ത കടന്നാക്രമണം നടത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതില്‍ ദീര്‍ഘകാലം നേതൃത്വപരമായ പങ്ക് മാഷ് നിര്‍വഹിച്ചു. പുരോഗമന സാഹിത്യം കാലത്തെ അതിജീവിക്കാന്‍ മാത്രം കരുത്തുള്ളതല്ല എന്ന വിമര്‍ശനത്തിന് മാഷ് നല്‍കിയ മറുപടി എക്കാലവും ഓര്‍മ്മിക്കപ്പെടും. പുരോഗമന സാഹിത്യം ചരിത്രത്തിന്റെ ഇന്ധനമാണെന്നും വലിയ ചെക്കുകള്‍ക്ക് പിറകെ പോവുകയല്ല ബഹുജനപ്രവാഹത്തിന്റെ ഭാഗമായി മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ വിമര്‍ശകരെ ഓര്‍മ്മിപ്പിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലൂടെ പുതിയൊരു സാംസ്കാരിക ഉണര്‍വ്വ് സൃഷ്ടിക്കാനുതകുംവിധം നിരന്തര പ്രഭാഷണങ്ങളിലൂടെ കേരളീയ ജീവിതത്തിന് അദ്ദേഹം സര്‍ഗഭരിതമായ സജീവത പകര്‍ന്നു. ഓരോ പ്രഭാഷണവും ഓരോ പ്രബന്ധം കൂടിയാണെന്ന് മലയാളികളെ ആഴത്തില്‍ ബോധ്യപ്പെടുത്തി. അറിവുകള്‍ അനുഭൂതിയാക്കി മാറ്റി പതിഞ്ഞ ശബ്ദത്തില്‍ കൊടുങ്കാറ്റുകളുറങ്ങുന്നുണ്ടെന്ന് മാഷ് നമ്മെ അനുഭവിപ്പിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തോടും ഇടതുപക്ഷത്തോടും ഇടഞ്ഞു നില്‍ക്കുമ്പോഴും പുരോഗമന കലാ സാഹിത്യസംഘവും ജനാധിപത്യ വാദികളും അതുകൊണ്ടാണദ്ദേഹത്തോട് വലിയ ആദരവ് പുലര്‍ത്തിയത്. ആശയപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സംവാദാത്മകമായ സൌഹൃദത്തിന്റെ ലോകം നിലനിര്‍ത്താന്‍ പരമാവധി ശ്രദ്ധിച്ചു. വിയോജിപ്പുകള്‍ക്കിടയിലും വ്യക്തിപരമായ ബന്ധങ്ങള്‍ പരിക്കേല്‍ക്കാതെ അതിനാല്‍തന്നെ തുടര്‍ന്നും നിലനിന്നുപോന്നു.മലയാളിയുടെ സാംസ്കാരികലോകത്ത് പ്രഭാഷണങ്ങളുടെ ആയുസ്സെന്ന് പറയുന്നത് സാധാരണഗതിയില്‍ ആ വേദിയില്‍തന്നെ ഒടുങ്ങുന്നതാണ്.

ഈയൊരു തലത്തില്‍ നിന്നും പ്രഭാഷണത്തെ ഈര്‍ജസ്വലമായ ഒരു സാംസ്കാരിക പ്രവര്‍ത്തനമായി വികസിപ്പിച്ചുവെന്നതാണ് എം എന്‍ വിജയന്റെ പ്രഭാഷണങ്ങളുടെ സവിശേഷത. പ്രഭാഷണവും എഴുത്തും വ്യത്യസ്തമല്ലാതെ അദ്ദേഹം രൂപപ്പെടുത്തി. സംസാരത്തിലൂടെ ഒഴുകി വരുന്ന മാഷുടെ പ്രഭാഷണങ്ങളെ ആദ്യമായി സമാഹരിച്ച് പ്രസിദ്ധീകരിച്ചത് കോഴിക്കോട്ട് നിന്നാണ്.’എം എന്‍ വിജയന്റെ പ്രഭാഷണങ്ങള്‍’ എന്ന ആ പുസ്തകമിറക്കിയത് ഞാനും ആസാദുമടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരുള്‍ക്കൊള്ളുന്ന സൌഹൃദ സംഘമായിരുന്നു. പറയുന്ന ആശയത്തിനൊപ്പം രീതിയും ശൈലിയും അനുഭവമാക്കി പ്രഭാഷണത്തെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കാകെ ഊര്‍ജംചൊരിയുന്ന അനുഭൂതി മാഷ് വാക്കുകളിലുടെ കൈമാറി. ചെറിയഗ്രൂപ്പില്‍ നിന്ന് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ബഹുജന വേദികളിലേക്ക് കടന്നുവന്നപ്പോള്‍ മാഷുടെ ഈ വേറിട്ടശൈലി അതിനാല്‍തന്നെ വന്‍ സ്വീകാര്യത പിടിച്ചുപറ്റി. ചെറിയൊരു ഗ്രൂപ്പില്‍ നിന്ന് കടന്നുവന്ന അങ്കലാപ്പില്ലാതെ വലിയ സദസ്സുകളോട് ആഴത്തിലും വിശദവുമായുള്ള സംവാദത്തിന് അദ്ദേഹം വഴിതുറന്നു. പ്രഭാഷണത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമായ ഒരു മണ്ഡലവും അധ്യായവും മാഷ് സൃഷ്ടിച്ചു. ചരിത്രം, രാഷ്ട്രീയം, കല, സാഹിത്യം, മനശ്ശാസ്ത്രം, തത്വചിന്ത എന്നിങ്ങനെ സര്‍വ്വ സാമൂഹ്യശാഖകളെയും വിശദീകരിക്കുകയും വിശകലനം ചെയ്യുന്നതുമായിരുന്നു ഓരോ പ്രഭാഷണവും. ആശയത്തിന്റെ ഗാംഭീര്യവും പറയുന്നതിലുള്ള ഉറച്ച ബോധ്യവും ആ വാക്കുകളെ ജനകീയമാക്കി മാറ്റി. ബാഹ്യപ്രകടനത്തിന്റെയും പ്രതാപത്തിന്റെയും അഭാവത്തിലും ജനഹൃദയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ മുദ്ര ചാര്‍ത്തിയത് അതുകൊണ്ടാണ്.ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമുള്ള വരേണ്യസങ്കല്‍പ്പങ്ങളെ നിവര്‍ന്നുനിന്ന് വെല്ലുവിളിക്കാന്‍ ധീരത കാട്ടി. ബഷീറിനെക്കുറിച്ചുള്ള മാഷുടെ പഠനംതന്നെ വേറിട്ട കാഴ്ചപ്പാടാലും ആശയമികവിനാലും സാഹിത്യലോകത്തിന്റെശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ആഭിജാത സൌന്ദര്യ സങ്കല്‍പങ്ങളെ വിട്ടുവീഴ്ചയില്ലാതെ വെല്ലുവിളിച്ച് ബഷീറിനെ വിശകലനം ചെയ്ത വിജയന്‍മാഷ് ചങ്ങമ്പുഴ, വൈലോപ്പിള്ളി എന്നിവരെക്കുറിച്ചും വേറിട്ട സാംസ്കാരിക പഠനവും നിരീക്ഷണവും നടത്തി.

മനശാസ്ത്രത്തെ സാംസ്കാരിക വിമര്‍നപഠനത്തില്‍ കൃത്യമായി പ്രയോഗിച്ച മാഷ് ഈ മേഖലയില്‍ പുതിയൊരു അധ്യായമാണ് വികസിപ്പിച്ചത്. പുരോഗമന കലാ സാഹിത്യ സംഘവുമായി വേറിട്ടു നിന്നപ്പോഴും മാഷ് വളര്‍ത്തിയെടുത്ത ഇത്തരം കാഴ്ചപ്പാടുകളെ സംഘം ശരിയായി വിലയിരുത്തിയിട്ടുണ്ട്. മാഷുമായി ഒരു സവിശേഷ ഘട്ടത്തില്‍ സംഘം നടത്തിയ വ്യത്യസ്തമായ സംവാദം ഈ സംഭാവനകളെയെല്ലാം ആദരിച്ചാണ് നിര്‍വഹിച്ചിരുന്നത്.തീപടര്‍ത്തിയ പ്രഭാഷണങ്ങള്‍ ചിന്തകളുടെ ചെന്തീയാളുംവാക്കുകള്‍കൊണ്ട് ആശയരംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു വിജയന്‍മാസ്റ്റര്‍. തന്റെ കാലത്തെ സ്നേഹത്തോടെ സമീപിക്കുകയും മറയില്ലാതെ പ്രതികരിക്കാനും അദ്ദേഹം മടികാട്ടിയില്ല. എണ്‍പതുകളുടെ അവസാനം മുതല്‍ ഇന്ത്യയുടെ പൊതുജീവിതത്തില്‍ അര്‍ബുദം പോലെ പടര്‍ന്നുപിടിച്ച ഫാസിസത്തിനെതിരെയും വലതുപക്ഷ സാംസ്കാരിക ജീര്‍ണതക്കെതിരെയും അദ്ദേഹം ശക്തമായ ഇടപെടലുകള്‍ നടത്തി.ഫാസിസത്തിനെതിരായ വിജയന്‍മാസ്റ്ററുടെ പ്രഭാഷണങ്ങള്‍ ഏറെ പ്രസിദ്ധമായിരുന്നു. മഹാരാജാസ് കോളേജില്‍ ബി എ വിദ്യാര്‍ഥിയായിരിക്കെ വൈലോപ്പിള്ളിയുടെ ‘ഓണപ്പാട്ടുകാര്‍’ എന്നകൃതിക്കാണ് ആദ്യമായി അവതാരികയെഴുതുന്നത്. അതിന്തൊട്ടുമുമ്പായി ‘കന്നിക്കൊയ്തി’ന് നിരൂപണമെഴുതിയിരുന്നു. നിരൂപണമെഴുതുന്നകാലത്ത് വൈലോപ്പിള്ളിയെ നേരില്‍ അറിയില്ല. നിരൂപണം വായിച്ചശേഷം ഒരിക്കല്‍ വൈലോപ്പിള്ളി നേരിട്ട് വീട്ടിലെത്തി ഓണപ്പാട്ടുകാരുടെ കയ്യെഴുത്തുപ്രതി നീട്ടി അവതാരികയെഴുതാനാവശ്യപ്പെടുകയായിരുന്നു. വൈലോപ്പിള്ളിയുമായി അസാധാരണമായ അടുപ്പം വിജയന്‍മാസ്റ്റര്‍ കാത്തുസൂക്ഷിച്ചിരുന്നു. വൈലോപ്പിള്ളിയുടെയും കുമാരനാശാന്റെയും കവിതകളും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ രചനകളിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നിരുന്നു. സിഗ്മണ്ട്ഫ്രോയ്ഡിന്റെ മനഃശാസ്ത്ര സമീപനങ്ങളോട് എന്തെന്നില്ലാത്ത അടുപ്പം വിജയന്‍മാസ്റ്റര്‍ക്കുണ്ടായിരുന്നു.

കൊടുങ്ങല്ലൂരിനടുത്ത് ലോകമലേശ്വരത്ത് 1930 ജൂണ്‍എട്ടിനാണ് വിജയന്‍മാസ്റ്റര്‍ ജനിച്ചത്. അച്ഛന്‍ പതിയാശേരില്‍ നാരായണമേനോന്‍. അമ്മ മൂളിയില്‍ കൊച്ചുഅമ്മ. രണ്ടാം ലോകയുദ്ധകാലത്തെ ബാല്യം ഏറെ ദാരിദ്യ്രം നിറഞ്ഞതായിരുന്നു. പതിനെട്ടരയാളം എല്‍ പി സ്കൂളിലും, കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്കൂളിലുമായാണ് സ്കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍ മീഡിയറ്റിനും ബി എ യ്ക്കും ചേര്‍ന്നു. വിജയന്‍മാസ്റ്റര്‍ അവിടെ പഠിക്കുന്ന കാലത്താണ് പ്രസിദ്ധമായ കൊടിവഴക്ക് നടക്കുന്നത്. 1947 ആഗസ്ത് 14ന് അര്‍ദ്ധരാത്രി സ്വാതന്ത്യ്ര പതാകയുയര്‍ത്തുമ്പോള്‍ അതില്‍ കൊച്ചി മഹാരാജാവിന്റെ കൊടിയും കെട്ടിയിരിക്കണമെന്ന അധികൃതരുടെ പിടിവാശിയാണ് പ്രശ്നങ്ങള്‍ക്കുവഴിവെച്ചത്. അതിനെ എതിര്‍ത്ത വിദ്യാര്‍ത്ഥികളെ ഗുണ്ടകള്‍ ആക്രമിച്ചിരുന്നു. ബിരുദം നേടിയശേഷം എറണാകുളം ഗവ. ലോകോളേജില്‍ നിയമപഠനത്തിനുചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. അച്ഛന്റെ മരണത്തെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസത്തെതുടര്‍ന്ന് നിയമപഠനം ഇടക്കുവച്ച് അവസാനിപ്പിക്കുകയായിരുന്നു. അല്‍പകാലത്തിനുശേഷം അമ്മാവനോടൊത്ത് മദിരാശിയിലേക്ക് പോയി. മദിരാശി സര്‍വകലാശാലയില്‍ നിന്നും മലയാളത്തില്‍ എം എ പാസായി.1952 ല്‍ മദിരാശി ന്യൂകോളേജില്‍ അദ്ധ്യാപകനായിചേര്‍ന്നു. ഇക്കാലത്ത് ഫോട്ടോഗ്രാഫിയില്‍ കമ്പംകയറി. നിരവധി ചിത്രങ്ങള്‍ അക്കാലത്ത് എടുത്തിട്ടുണ്ട്. പിന്നീട് ഫിലിം വാങ്ങാനും ഡെവലപ്പ്ചെയ്യാനും അരിവാങ്ങാനും ഒന്നിച്ച് പണം തികയാതെ വന്നപ്പോള്‍ ഫോട്ടോഗ്രാഫി ഉപേക്ഷിക്കുകയായിരുന്നുവെന്ന് മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഏഴുവര്‍ഷത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തി. 1959 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മലയാളം അദ്ധ്യാപകന്‍. 1960 ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് മാറി. 1985 ല്‍ സര്‍വീസില്‍നിന്നും വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു. ’90കളുടെ ഒടുവില്‍ താമസം തലശ്ശേരിയില്‍നിന്നും ജന്മനാടായ കൊടുങ്ങല്ലൂരിലെ ‘കരുണ’യിലേക്കുമാറി.വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ വായനയോട് വലിയ കമ്പമായിരുന്നു. പത്തുകിലോമീറ്റര്‍ നടന്ന് ആനാപ്പുഴയിലെ പണ്ഡിറ്റ് കറപ്പന്‍ സ്മാരക വായനശാലയില്‍ പോയാണ് പുസ്തകങ്ങളെടുത്തിരുന്നത്. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രവര്‍ത്തകനായിരുന്നു. ജനകീയ യുദ്ധവാദത്തോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതിനാല്‍ പിന്നീട് എസ് എഫുമായി അകന്നു. പിന്നെ കുറെക്കാലം ജയപ്രകാശ്നാരായണന്റെ അനുഭാവിയായി. ജോലികിട്ടി മദിരാശിയില്‍നിന്ന് തലശ്ശേരിയിലെത്തുന്നതോടെയാണ് വീണ്ടും പാര്‍ടിയുമായി ബന്ധപ്പെടുന്നത്. പിന്നെ കോഴിക്കോട്ട് എസ് കെ പൊറ്റെക്കാട്ടും എന്‍ വി കൃഷ്ണവാരിയരുമൊത്ത് സാഹിത്യസമിതി കെട്ടിപ്പടുക്കുവാന്‍ പ്രയത്നിച്ചു.

ചിതയിലെ വെളിച്ചം, കവിതയും മനഃശാസ്ത്രവും, വര്‍ണങ്ങളുടെ സംഗീതം, ശീര്‍ഷാസനം, കാഴ്ചപ്പാട്, അടയുന്നവാതില്‍ തുറക്കുന്നവാതില്‍, ഫാസിസത്തിന്റെ മനഃശാസ്ത്രം, മരുഭൂമികള്‍ പൂക്കുമ്പോള്‍, സംസ്കാരവും സ്വാതന്ത്യ്രവും, അടയാളങ്ങള്‍, മനുഷ്യര്‍ പാര്‍ക്കുന്നലോകങ്ങള്‍, കലയും ജീവിതവും, പുതിയ വര്‍ത്തമാനങ്ങള്‍, വാക്കും മനസും എന്നിവയാണ് പ്രധാന കൃതികള്‍. ദീര്‍ഘകാലം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റും ദേശാഭിമാനി വാരികയുടെ പത്രാധിപരുമായിരുന്നു.

You may also like...