എം.എന്‍ വിജയനും ചില സംശയങ്ങളും

എം.എന്‍ വിജയനും അന്തരിച്ചതിനേത്തുടര്‍ന്ന് മാധ്യമങ്ങളിലും ബൂലോകത്തിലും വന്ന ലേഖനങ്ങളില്‍ പൊതുവെ വിലയിരുത്തപ്പെട്ടത്‌ സി.പി.എം. ലെ ജീര്‍ണ്ണതകളെപ്പറ്റി പ്രതികരിച്ച്‌ പുറത്ത്‌ വന്ന ഒരാളായിട്ടാണ്‌. എന്നാല്‍ സി.പി.എം അനുഭാവി മാത്രമായിരുന്ന അദ്ദേഹം ദേശാഭിമാനിയില്‍ നിന്നും പുറത്തുപോകാന്‍ ഉണ്ടായ സാഹചര്യം ജീര്‍ണ്ണത പ്രശ്നം ആയിരുന്നോ?

ഞാന്‍ മനസ്സിലാക്കുന്നത്‌ സി.പി.എം ലെ ജീര്‍ണ്ണതകള്‍ക്കെതിരെ പൊരുതുന്നവര്‍ എന്ന് പറയപ്പെടുന്ന ഇപ്പോഴത്തെ ഒരു പറ്റം ആള്‍ക്കാര്‍ ( സുഗതനും അപ്പുക്കുട്ടനും മാതൃഭൂമിയുമൊക്കെ) ഇന്ന് പറയുന്ന ഒരു കാര്യങ്ങളുമല്ല വിജയന്‍ അന്ന് പറഞ്ഞിരുന്നത്‌. ഇന്ന് സി.പി.എം ലെ ജീര്‍ണ്ണതയുടെ പ്രതീകമായി മേല്‍പ്പറഞ്ഞ ആള്‍ക്കാര്‍ എതിര്‍ക്കുന്ന പിണറായിയോ ജയരാജന്മാരോ ഒന്നും വിജയന്‍ മാഷടേ എതിര്‍പ്പിന്റെ മുനയില്‍ നിന്നിരുന്നില്ല. മറിച്ച്‌ എല്ലാ ആരോപണങ്ങളുടേയും മുന തോമസ്‌ ഐസക്കിനെതിരെ ആയിരുന്നു. തോമസ്‌ ഐസക്ക്‌ എം.പി. പരമേശ്വരന്‍ ജോയി ഇളമണ്‍ ഡോ: ഇക്ബാല്‍ തുടങ്ങി CPM ഇല്‍ പരിഷ്കരണം വേണമെന്ന് പറഞ്ഞിരുന്ന ഒരു പറ്റം ബുദ്ധി ജീവികള്‍ക്കെതിരെയാണ്‌ വിജയന്‍ മാഷ്‌ പാഠത്തിലൂടെ ആഞ്ഞടിച്ചത്‌. പ്രത്യേകിച്ച്‌ നാലാം ലോക വാദവും ജനകീയ ആസൂത്രണവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശന വിഷയം. ഇന്നത്തെ മാധ്യമം പത്രത്തില്‍ പറയുന്നതും പ്രധാനമായി ഇത്‌ തന്നെ

മൂന്നാംലോക വികസനത്തിന് മാതൃകയായി ലോകബാങ്കും അനുബന്ധസ്ഥാപനങ്ങളും ഉയര്‍ത്തിക്കാട്ടിയ ജനകീയാസൂത്രണം സാമ്രാജ്യത്വത്തിന്റെ ഇടപെടലിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയത് എം.എന്‍. വിജയനാണ്. യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (യു.എന്‍.ഡി.പി) കേരള പതിപ്പായ ജനകീയാസൂത്രണം ഇടതുപക്ഷപ്രസ്ഥാനങ്ങളെയും പുരോഗമന പ്രസ്ഥാനങ്ങളെയും വലതുവത്കരിക്കുകയാണെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു വിജയന്‍. ഡോ. തോമസ് ഐസക്കിനെ പ്പോലുള്ള സി.പി.എം നേതാക്കള്‍ക്ക് ചില വിദേശബുദ്ധിജീവികളുമായുള്ള ബന്ധവും പങ്കാളിത്ത ജനാധിപത്യം വഴി ഇടതുപക്ഷ സംഘടനകളെ അവര്‍ വഴിതെറ്റിക്കുമെന്ന സൂചനയും വിജയന്‍ നല്‍കിയിരുന്നു.

അതായത്‌ അദ്ദേഹം പങ്കാളിത്ത ജനാധിപത്യത്തെ എതിര്‍ത്തിരുന്നു. ഇടതുപക്ഷ ആശയങ്ങള്‍ അതേ പടി നിലനില്‍ക്കണമെന്നും അതില്‍ കാലത്തിനനുസ്സരിച്ച്‌ മാറ്റങ്ങള്‍ വരരുത്‌ എന്നും അദ്ദേഹം ആഗ്രഹിച്ചു. സംഘടനയിലേക്ക്‌ കാറ്റും വെളിച്ചവും കടക്കരുത്‌ എന്ന കടുംപിടുത്തവും അദ്ദേഹത്തിനുണ്ടായിരുന്നു.

സ്വതന്ത്ര ചിന്തകന്‍ എന്നൊക്കെ മാധ്യമങ്ങള്‍ വാഴ്ത്തുന്ന വിജയന്‍ മാഷ്‌ നാലാം ലോക വാദമെന്ന നിരുപദ്രവമായ ഒരു ആശയം പങ്കുവച്ചു എന്ന ഒറ്റക്കാരണത്താല്‍ പരമേശ്വരനേയും ഇളമണ്ണിനേയും ഇക്ബാലിനേയും പാര്‍ട്ടിയില്‍ നിന്ന് പുകച്ച്‌ പുറത്തു ചാടിച്ചു. പിണറായി വിജയനെ കെട്ടിപ്പിടിച്ച്‌ നിന്നതിനാല്‍ ഐസക്ക്‌ രക്ഷപ്പെട്ടു. ഐസക്കായിരുന്നു വിജയന്റെയും കൂട്ടരുടേയും ലക്ഷ്യം എന്നാല്‍ ആക്രമണം പിന്നീടും തുടര്‍ന്നു.

എന്റെ വിലയിരുത്തലില്‍ തെറ്റുകള്‍ ഉണ്ടാകാം . എന്നാല്‍ ഇത്‌ പിണറായി പക്ഷത്തു നിന്നുള്ള നിലവിളിയാണ്‌ എന്ന മുന്‍വിധിയില്‍ സമീപിക്കാതിരിക്കുക. പിണറായി വിജയന്‍ ഈ വിഷയത്തില്‍ പ്രസക്തനല്ല എന്നാണ്‌ എന്റെ പക്ഷം. എന്നാല്‍ തോമസ്‌ ഐസക്ക്‌ ആണ്‌ താനും. തോമസ്‌ ഐസക്ക്‌ വിജയന്‍ മാഷ്‌ വിമര്‍ശിക്കുന്നത്‌ പോലെ അമേരിക്കന്‍ ചാരനോ മറ്റോ ആണ്‌ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. അല്ലെങ്കില്‍ ഐസക്ക്‌ പുലര്‍ത്തുന്ന ചിന്തകളും സാമ്പത്തീക നയങ്ങളും കേരളത്തെ നശിപ്പിക്കും എന്ന് കരുതുന്നുണ്ടോ? ഇതിന്‌ ബദല്‍ എന്താണ്‌. മുന്‍കാല ഇടതുപക്ഷ ഗവണ്മെന്റുകളുടെ സാമ്പത്തീക നയം എന്തായിരുന്നു. അത്‌ എത്രത്തോളം ഈ കാലഘട്ടവുമായി ചേര്‍ന്ന് പോകും.

 

You may also like...