എംഎന്‍ വിജയന്‍ പുരസ്‌ക്കാരം സച്ചിദാനന്ദനു നല്‍കുമ്പോള്‍

എംഎന്‍ വിജയന്‍ പുരസ്ക്കാരം എംഎ ബേബി കവി സച്ചിദാനന്ദനു നല്‍കുമെന്നു വാര്‍ത്ത. വളരെ ഗംഭീരം! പുരസ്ക്കാരങ്ങളോടു തീരെ മമത കാണിച്ചയാളല്ല വിജയന്‍മാഷ്. ആദ്യ പുസ്തകമായ ചിതയിലെ വെളിച്ചത്തിനു ലഭിച്ച സാഹിത്യ അക്കാദമി അവാര്‍ഡുതന്നെ നിരസിച്ചിരുന്നു. വിജയികളെയല്ല, പരാജിതരെയാണ് എപ്പോഴും അദ്ദേഹം പരിഗണിച്ചുപോന്നത്. പരാജയം ഭക്ഷിച്ചുപോന്നവര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ നില.

ആ നിലപാട് വലിയ അധിക്ഷേപങ്ങള്‍ക്കു കാരണമായി. പുരയ്ക്കുമേല്‍ ചാഞ്ഞമരം മുറിച്ചുമാറ്റുവിന്‍ എന്ന ആഹ്വാനങ്ങളുണ്ടായി. അന്നു ഫാസിസ്റ്റ് വിരുദ്ധ ചേരിയോ എംടി സാഹിത്യോത്സവ സ്വാഗത സംഘമോ രൂപംകൊണ്ടിരുന്നില്ല. വെറുമൊരു കലാലയാദ്ധ്യാപകന്‍ എന്നതിരിട്ടു തളയ്ക്കാനായിരുന്നു ഉത്സാഹം. ചാഞ്ഞമരം വെട്ടാന്‍ മഴുവെടുത്തെത്തിയ ആദ്യ നൂറുപേര്‍ക്കും പദവികളും പുരസ്ക്കാരങ്ങളും നല്‍കിക്കഴിഞ്ഞു. ഇനി മൗനം പാലിച്ചവരുടെ ഊഴമാണ്. ദയവായി ക്യു പാലിയ്ക്കണം. നാലു വര്‍ഷത്തേയ്ക്കുള്ള പട്ടിക തയ്യാറായിരിക്കുന്നു.

എംഎന്‍ വിജയന്റെ സമ്പൂര്‍ണ കൃതികള്‍ തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചപ്പോള്‍ പ്രീ പബ്ളിക്കേഷനില്‍തന്നെ ആ സംരംഭം തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ആരെങ്കിലും മറന്നുവോ ആവോ! ഇപ്പോള്‍ പലരും ആ പുസ്തകങ്ങള്‍ അന്വേഷിച്ചു നടക്കുകയാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ നാളുകളില്‍ അത് വേണമെന്നു വന്നിരിക്കുന്നു. തങ്ങളൂതിക്കെടുത്തിയ വിളക്കിന്റെ തിരിയൂതിക്കൊണ്ടിരിക്കുകയാണവര്‍.

എം എന്‍ വിജയന്റെ പേരില്‍ പുരസ്ക്കാരം നല്‍കുന്നവരും വാങ്ങുന്നവരും പ്രഗത്ഭരാണ്. അതില്‍ സംശയമില്ല. പക്ഷെ എം എന്‍ വിജയന്‍ പറഞ്ഞതും അവസാനമായി പറയാന്‍ ശ്രമിച്ചതും എന്താണെന്ന് അവരോര്‍ക്കണം. ജനങ്ങളുടെ അതിജീവനത്തിന് തുണയാവേണ്ടവര്‍ സാമ്രാജ്യത്വ നവലിബറല്‍ അജണ്ടയുടെ നടത്തിപ്പുകാരാവുന്നു എന്ന ഖേദവും വിമര്‍ശവുമാണ് അദ്ദേഹം പങ്കുവച്ചത്. അത് ഉള്‍ക്കൊള്ളാതെ അതിനെ പിന്തുണയ്ക്കാതെ, ആ പേരുകൊണ്ട് സ്വയം അലങ്കരിക്കുന്ന ആ രക്തം സ്വന്തം മുഖത്തു പുരട്ടുന്ന വിചിത്രസ്വഭാവമാണ് പ്രകടിപ്പിക്കുന്നതെങ്കില്‍ എന്തു പറയാനാണ്?

ആസാദ്
24ജനവരി 2017

You may also like...